മുംബൈ: മുംബൈ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 3,100ലധികം താമസക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. മഴയും ആഞ്ഞടിച്ച കാറ്റും കാരണം വിമാന സർവീസുകൾ തടസപ്പെട്ടു. കുർള, സിയോൺ, ദാദർ, പരേൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞ തെരുവുകളിലൂടെ വാഹനങ്ങൾ നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കനുസരിച്ച് ഞായറാഴ്ച മുംബൈയിലെ നരിമാൻ പോയന്റ് പ്രദേശത്ത് 40 മില്ലിമീറ്ററും ഗ്രാന്റ് റോഡിൽ 36 മില്ലിമീറ്ററും കൊളാബയിൽ 31 മില്ലിമീറ്ററും ബൈക്കുല്ലയിൽ 21 മില്ലിമീറ്ററും മഴ ലഭിച്ചു. മുംബൈയുടെ കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ തിങ്കളാഴ്ച മഴ ലഭിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.






