മുംബൈ: കൊങ്കണ്‍ റെയില്‍പാതയില്‍ മണ്‍സൂണ്‍ നിയന്ത്രണം ഈ മാസം 15 മുതല്‍ നിലവില്‍ വരും. മഴക്കാലത്ത് അപകടങ്ങള്‍ക്കു സാധ്യതയുളളതിനാലാണ് സമയം ക്രമീകരിച്ചുള്ള ടൈംടേബിള്‍ നിലവില്‍ വരുന്നത്. ഇത്തരം സമയം ക്രമം ഒക്ടോബര്‍ 20 വരെ നിലവിലുണ്ടാകും. ഇതോടെ കേരളത്തില്‍നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. പതിവിലും 15 ദിവസം കുറച്ചാണ് ഇത്തവണത്തെ മണ്‍സൂണ്‍ ടൈംടേബിള്‍ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെയായിരുന്നു ഇത്.
കൂടാതെ മഴക്കാലത്ത് ട്രാക്കിലെ പട്രോളിങ് ജോലികള്‍ക്കായി 636 പേരെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. മണ്ണിടിച്ചില്‍ തടയുന്നത് അടക്കമുള്ള ജോലികള്‍ക്കായി ഈ വര്‍ഷം 34 കോടി രൂപ ചെലവഴിച്ചുവെന്നാണ് കണക്കുകള്‍. അപകടം അടക്കമുള്ള സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആക്‌സിഡന്റ് റിലീഫ് വെഹിക്കിള്‍ ടീം ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. ചിപ്ലുണ്‍, രത്‌നാഗിരി, വെര്‍ണ, മഡ്ഗാവ്, കാര്‍വാര്‍ ഉഡുപ്പി എന്നിവിടങ്ങളില്‍ മെഡിക്കല്‍ സംഘങ്ങളുമുണ്ടാകും.
മാത്രമല്ല അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ടവരുടെ നമ്പറുകള്‍ അടങ്ങിയ പട്ടിക കൊങ്കണ്‍ പാതയിലെ എല്ലാ സ്റ്റേഷനുകളിലും പതിപ്പിച്ചുണ്ട്. ബേലാപുര്‍, രത്നഗിരി, മഡ്ഗാവ് എന്നിവിടങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുണ്ടാകും. ട്രെയിന്‍ സ്റ്റാറ്റസ് അറിയാന്‍ വെബ്സൈറ്റ്: www.konkanrailway.com. t^m¬: 139
അതേസമയം, കൊങ്കണ്‍ പാതയില്‍ നാലു മാസത്തോളം മണ്‍സൂണ്‍ ടൈംടേബിള്‍ തുടരുന്നതിനെതിരെ യാത്രക്കാരുടെ സംഘടനകള്‍ എതിര്‍പ്പുപ്രകടിപ്പിച്ച് രംഗത്തെത്തി. മഴക്കാലത്ത് ഒരു സമയക്രമവും അല്ലാത്തപ്പോള്‍ മറ്റൊരു സമയക്രമവും പാലിക്കേണ്ടി വരുന്നതിനാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള അവസരം നഷ്ടമാകുന്നതായാണ് വിമര്‍ശനം. അപകടമേഖലകളിലെ സുരക്ഷാപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിച്ചാല്‍ മണ്‍സൂണ്‍ ടൈംടേബിള്‍ ഒഴിവാക്കാവുന്നതാണെന്ന് വെസ്റ്റേണ്‍ ഇന്ത്യ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഏറെക്കാലമായി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് മറ്റൊരു റെയില്‍പാതയിലും മണ്‍സൂണ്‍ ടൈംടേബിള്‍ നിലവിലില്ല.






