കണ്ണൂര്‍: മീന്‍കുന്ന് കടലില്‍ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂര്‍ വെള്ളോറ ഹൗസില്‍ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ബീച്ചിന് ഏതാനും അകലെ കരയ്ക്ക് ഒഴുകി എത്തിയ നിലയിലാണ് മൃതദേഹം. പട്ടാനൂര്‍ കൊടോളിപ്രം അനന്ദ നിലയത്തില്‍ പി.കെ. ഗണേശന്‍ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടില്‍നിന്ന് ഫോട്ടോ എടുത്ത ശേഷം കടലില്‍ നീന്തുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ടത്. ഇവര്‍ സമീപവാസികളെ വിവരം അറിയിച്ചു. അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താന്‍ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കള്‍ ഒഴുകിപ്പോയിരുന്നു.
ഇന്നലെ ഉച്ചയോടൊണ് ഗണേശന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രിനീഷിനെ കണ്ടെത്താനായില്ല. കടലില്‍ കനത്ത തിരയായിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രിനീഷിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.




