തിരുവനന്തപുരം: വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാർത്ഥിയെ അനുകൂലിച്ചുകൊണ്ടല്ല സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രചാരണത്തിനെത്തുക. ഈ മാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിൽ വീടുകയറി പ്രചാരണം നടത്തും.
ആശാ സമരത്തിന്റെ നാലാം ഘട്ടമായ ‘രാപകൽ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. ഇതിനിടെയാണ് ആശമാർ പ്രചരണത്തിനായി നിലമ്പൂരിലെത്തുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര കാസര്‍കോട്ട് നിന്നാണ് ആരംഭിച്ചത്. ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.
ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ മാസങ്ങളായി സമരത്തിലാണ്. ഓണറേറിയം വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആശമാർ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ അത് സ്വീകരിച്ചില്ല.
Content: Those who insulted the protest will not have votes; Asha Workers for campaigning in Nilambur






