ലൊസാഞ്ചലസ് : യുഎസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികള്‍ക്കെതിരെയുള്ള പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍
ലൊസാഞ്ചലസില്‍ 700 മറീനുകളെ കൂടി വിന്യസിക്കാന്‍ ഉത്തരവിട്ട് ട്രംപ്. കൂടുതല്‍ നാഷനല്‍ ഗാര്‍ഡ് സൈനികര്‍ സ്ഥലത്തെത്തുന്നതുവരെ ഫെഡറല്‍ സ്വത്തും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ ഒരു ബറ്റാലിയനെ അയയ്ക്കുമെന്ന് യുഎസ് സൈന്യം അറിയിച്ചു. അക്രമം നിയന്ത്രണാതീതമാകുന്നതു തടയാന്‍ സൈനികരെ വിന്യസിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
കുടിയേറ്റക്കാരെ തടങ്കലിലാക്കിയിരിക്കുന്ന ഒരു ഫെഡറല്‍ തടങ്കല്‍ കേന്ദ്രത്തിനു പുറത്ത് നൂറുകണക്കിനു പ്രതിഷേധക്കാര്‍ ഒത്തുകൂടി പ്രതിഷേധിച്ചു. ലൗഡ്‌സ്പീക്കറില്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടതിനു പിന്നാലെ റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് പ്രയോഗിച്ചു. തടങ്കല്‍ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ സൈനികര്‍ക്ക് നേരെ ‘പിഗ്‌സ് ഗോ ഹോം’ എന്ന മുദ്രാവാക്യമുയര്‍ത്തി.
മറീന്‍സ് നഗരത്തില്‍ എത്തണമെന്ന് ഔദ്യോഗികമായ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ലൊസാഞ്ചലസ് പൊലീസ് മേധാവി ജിം മക്‌ഡൊണാള്‍ഡ് പറഞ്ഞു. ഫെഡറല്‍ നിയമവും സംസ്ഥാനത്തിന്റെ സ്വയംഭരണാധികാരവും ലംഘിക്കുന്നെന്ന് ആരോപിച്ച് നാഷനല്‍ ഗാര്‍ഡിന്റെയും മറീനുകളുടെയും വിന്യാസം തടയാന്‍ കലിഫോര്‍ണിയ സംസ്ഥാനം ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. 2000 സൈനികരെ വിന്യസിച്ചതിനു പിന്നാലെ ട്രംപ് ഇനിയും 2000 നാഷനല്‍ ഗാര്‍ഡ് സൈനികരെ ലൊസാഞ്ചലസിലേക്കു വിന്യസിക്കുകയാണെന്നു കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അറിയിച്ചു.






