ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽപെടാനുള്ള സാധ്യത മുൻനിർത്തിയാണ് വിലക്ക്. സഞ്ചാരികൾ വനമേഖലയിലൂടെ പ്രവേശിക്കാതിരിക്കാൻ മുളകെട്ടി വഴി അടച്ചിരിക്കുകയാണ്. പൈനാവിലെ മന്ത്രപ്പാറയിൽ നിന്നുള്ള ഇടുക്കി ഡാമിൻറെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
ചെറുതോണി ഡാം, ആർച്ച് ഡാം, ഇടുക്കി മെഡിക്കൽ കോളജ് എന്നിവ ഒറ്റ ഫ്രെയിമിൽ കാണാൻ കഴിയുന്ന സ്ഥലം എന്നതായിരുന്നു ഈ വ്യൂപോയിന്റിന്റെ പ്രത്യേകത. വനമേഖലയിലൂടെ ഏകദേശം ഒരു കിലോമീറ്റർ വരെ സഞ്ചരിച്ചുവേണം ഈ പ്രദേശത്തേക്ക് എത്താൻ. ഇതൊരു ടൂറിസം മേഖല അല്ലാത്തതിനാൽ യാതൊരു സുരക്ഷാക്രമീകരണങ്ങളും മുൻകരുതലുകളും ഇല്ലാത്ത ഈ സ്ഥലത്ത് നൂറ് കണക്കിന് സഞ്ചാരികളാണ് ദിവസവും വന്നു പോകുന്നത്. ഇത് പരിഗണിച്ചുകൊണ്ടാണ് വനംവകുപ്പ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മേഖലയിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
Content: Tourists banned from Idukki Dam View Point






