ടെഹ്റാന്: ഇറാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന് ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന് വാര്‍ത്താ ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്.
ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഇറാനാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നു. ഇതില്‍ ഏകദേശം 15 മുതല്‍ 16 വരെ ഭൂകമ്പങ്ങള്‍ 5.0-ലോ അതില്‍ക്കൂടുതലോ തീവ്രതയില്‍ അനുഭവപ്പെടുന്നതാണ്.
കഴിഞ്ഞദിവസം റസാവി ഖൊറാസാന്‍ പ്രവിശ്യയിലെ കാഷ്മാറിനടുത്ത് 4.2 തീവ്രതയിലും ജൂണ്‍ 17-ന് ബുഷെര്‍ പ്രവിശ്യയിലെ ബോറാസ്ജനിനടുത്ത് 4.2 തീവ്രതയിലും ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. അതിനിടെ ഇസ്രയേല്‍-ഇറാന് സംഘര്‍ഷം ഒരാഴ്ച പിന്നിടുകയാണ്. യുദ്ധക്കെടുതിമൂലം ടെഹ്റാനിലും ടെല്‍ അവീവിലും ഒട്ടേറെപ്പേര്‍ക്ക് ജീവന് നഷ്ടമായി. വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും സംഘര്‍ഷം കാരണമായി.




