ഇഡി ഓഫീസറാണെന്ന വ്യാജേന വ്യാപാരിയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തന്നെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടത്തുമെന്നും അത് തടയണമെങ്കിൽ പണം നൽകണമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. പശ്ചിമബംഗാളിലാണ് സംഭവം. എസ്കെ ജിന്നാർ അലി എന്നയാളാണ് പിടിയിലായത്. കൊൽക്കത്തയിലെയും ബർധമാനിലെയും വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് ഇഡി നടപടി. പ്രത്യേക കോടതി ജൂലായ് 16 വരെ ഇയാളെ ഇഡി കസ്റ്റഡിയിൽ വിട്ടു.
ഒരു സംഘം ആളുകൾക്കെതിരായ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ചില ആളുകൾ ചിലയാളുകൾ വിവിധ വ്യാപാരിമാരിൽ നിന്ന് പണം തട്ടിയെടുത്തു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. വ്യാപാരികളെ മനസ്സിലാക്കി അവരിൽ നിന്ന് പണം തട്ടിയെടുക്കുക എന്നതായിരുന്നു ഇവരുടെ രീതി എന്ന് ഇഡി വെളിപ്പെടുത്തി. മൊബൈൽ ഫോണിലാണ് തട്ടിപ്പുകാർ വ്യാപാരികളെ ബന്ധപ്പെടുക. അന്വേഷണത്തിൻ്റെ ഭാഗമായി ബിധാൻ നഗർ പോലീസ് കമ്മീഷണർ ഓഫീസിൽ വരണമെന്നും തട്ടിപ്പുകാർ ഇവരോട് ആവശ്യപ്പെട്ടിരുന്നു എന്നും ഇഡി വിശദീകരിച്ചു.






