ഹൈദരബാദ്: ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലെ പ്രാര്‍ത്ഥനകളില്‍ പതിവായി പങ്കെടുത്തെന്ന കാരണത്താല്‍ തിരുപ്പതി ക്ഷേത്രത്തിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസറെ പുറത്താക്കി. എ രാജശേഖര ബാബു എന്ന ജീവനക്കാരനെയാണ് തിരുപ്പതി ദേവസ്വം പുറത്താക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്രമായ തിരുപ്പതിയില്‍ ഹൈന്ദവേതര വിശ്വാസം പിന്തുടരുന്നുവെന്ന് കാണിച്ചാണ് തീരുമാനം.
തിരുപ്പതിയിലെ പുട്ടൂര്‍ സ്വദേശിയാണ് എ രാജശേഖര ബാബു. ഹൈന്ദവാചാര പ്രകാരം മുന്നോട്ടു പോകുന്ന ട്രസ്റ്റിന്റെ ചട്ടങ്ങള്‍ക്ക് ഇത് വിരുദ്ധമായതിനാലാണ് രാജശേഖറിനെതിരെ നടപടിയെടുത്തത്. തിരുപ്പതി ദേവസ്വം ജീവനക്കാര്‍ക്കായുള്ള സര്‍വീസ് നിയമങ്ങളില്‍ ഹിന്ദുമതം പിന്തുടരുന്നവര്‍ക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹിന്ദു ധര്‍മങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരാകണം ജീവനക്കാരെന്നും ഹൈന്ദവേതര ആചാരങ്ങളില്‍ നിന്നും ജീവിതരീതികളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും 2007 ല്‍ കൂട്ടിച്ചേര്‍ത്ത ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി തെളിഞ്ഞാല്‍ മതിയായ നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വത്തിന് അധികാരമുണ്ടായിരിക്കുമെന്നും സര്‍വീസ് ചട്ടം വിശദമാക്കുന്നത്.മെയ് മാസത്തില്‍, ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഹിന്ദുക്കളല്ലാത്ത ജീവനക്കാരെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വകുപ്പുകളിലേക്ക് മാറ്റാനോ അവര്‍ക്ക് സ്വമേധയാ വിരമിക്കല്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്യാനോ ടിടിഡി ബോര്‍ഡ് തീരുമാനിച്ചിരുന്നു






