കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതി ടൈലര്‍ രാജ പൊലീസിന്റെ പിടിയിലായി. 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. ബംഗളുരുവില്‍ നിന്ന് ഭീകരാവദ വിരുദ്ധ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്. കോയമ്പത്തൂര്‍ പൊലീസ് റിക്രൂട്ട്‌മെന്റ് സ്‌കൂളില്‍ ചോദ്യം ചെയ്തുവരികയാണ്.
അല്‍ ഉമയ്ക്കു വേണ്ടി ബോംബ് നിര്‍മിച്ച ഇയാള്‍ നിരവധി കൊലകേസുകളിലും പ്രതിയാണ്. 1998 ഫെബ്രുവരി 14 ന് 58 പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തിനു ശേഷം രാജ ഒളിവിലായിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് രാജ തയ്യല്‍ക്കാരനായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കോയമ്പത്തൂരിലെ വല്ലാല്‍ നഗറില്‍ വീട് വാടകയ്ക്കെടുത്തിരുന്ന രാജ അവിടെയാണ് സ്‌ഫോടനത്തിന് ആവശ്യമായ ബോംബുകള്‍ നിര്‍മിച്ച് സൂക്ഷിച്ചിരുന്നത്.






