തിരുവനന്തപുരം: ചികിത്സ പൂര്‍ത്തിയാക്കിയശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസില്‍ നിന്നു മടങ്ങിയെത്തി. ജൂലൈ അഞ്ചിന് അമേരിക്കയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി 10 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തുന്നത്. പുലര്‍ച്ചെ 3.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ സ്വീകരിച്ചു. ചികിത്സയ്ക്കായി മയോ ക്ലിനിക്കിലേക്ക് പോയ മുഖ്യമന്ത്രി പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇ-ഓഫീസിലൂടെയാണ് ഫയലുകള്‍ പരിശോധിച്ചത്. 17ന് മന്ത്രിസഭായോഗം ചേര്‍ന്നേക്കും. സിപിഎം നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ അന്ന് തന്നെ പിണറായി ഡല്‍ഹിയിലേക്ക് പോകും.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായില്‍ എത്തിയിരുന്നു.
ദുബായില്‍ അദ്ദേഹത്തിന് ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ മകനും കുടുംബത്തിനുമൊപ്പം ചെലവഴിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് തിരിച്ചത്. തുടര്‍ ചികിത്സകളുടെ ഭാഗമായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. 2018 സെപ്തംബറിലാണ് അദ്ദേഹം ചികിത്സയ്ക്കായി ആദ്യം യുഎസില്‍ പോകുന്നത്. 2022 ജനുവരി, ഏപ്രില്‍ മാസങ്ങളിലും അദ്ദേഹം യുഎസില്‍ ചികിത്സ തേടിയിരുന്നു. ഇത്തവണത്തേത് ചികിത്സയുടെ ഭാഗമായുള്ള നാലാമത്തെ യുഎസ് സന്ദര്‍ശനമായിരുന്നു.




