ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടു ദിവസം പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷം. പലയിടങ്ങളിലും ഉണ്ടായ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍. ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ലെങ്കിലും സമാനമായ കാലാവസ്ഥ തുടരുമെന്നും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ സഫ്ദര്‍ജംഗ് കാലാവസ്ഥാ കേന്ദ്രത്തില്‍ 14.4 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ലോധി റോഡില്‍ 20.6 മില്ലിമീറ്റര്‍, പാലം കേന്ദ്രത്തില്‍ 19 മില്ലിമീറ്റര്‍, റിഡ്ജില്‍ 32.8 മില്ലിമീറ്റര്‍, പ്രഗതി മൈതാനില്‍ 38.9 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴയും രേഖപ്പെടുത്തി.






