ജയ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. കുട്ടികളാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ജലവാറിലെ മനോഹര്‍തനയിലെ പീപ്ലോഡി ഗവണ്‍മെന്റ് സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഏകദേശം 35 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
അധ്യാപകരുടെയും ഗ്രാമവാസികളുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികളെ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്തതായും പൊലീസ് പറഞ്ഞു. കുട്ടികളെ ചികിത്സയ്ക്കായി മനോഹര്‍ താന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സിഎച്ച്‌സി) പ്രവേശിപ്പിച്ചു. കനത്ത മഴയും കെട്ടിടത്തിന്റെ ജീര്‍ണ്ണാവസ്ഥയും കാരണമാണ് സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണതെന്നാണ് നിഗമനം.
കെട്ടിടം തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. രാജസ്ഥാനിലെ ജലവാറിലെ ഒരു സ്‌കൂളില്‍ ഉണ്ടായ അപകടം ദാരുണവും അങ്ങേയറ്റം ദുഃഖകരവുമാണ്. ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണ് എന്റെ മനസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ അറിയിച്ചു.






