കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന്‍ ലിനീഷി(47)നെ അറസ്റ്റ് ചെയ്തു. അമ്മയെ മകന്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് അറസ്റ്റ്.
കഴിഞ്ഞ ചൊവ്വഴ്ച രാവിലെയാണ് പത്മാവതിയെ നാട്ടുകാര്‍ പേരാമ്പ്ര ഇഎംഎസ് സകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ മകന്‍ ലിനീഷ് അമ്മയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. അമ്മയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ലിനീഷ് നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പത്മാവതിയുടെ മുഖത്തും തലയിലും ക്ഷതമേറ്റ പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നുകയുംപൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ തലയ്ക്ക് പിറകിലേറ്റ പരിക്കാണ് മരണ കാരണമെന്ന് വ്യക്തമായി. വാരിയെല്ലുകള്‍ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. വീഴ്ചയില്‍ സംഭവിച്ച പരിക്കല്ലെന്നും മരണത്തിന് മുന്‍പ് വയോധികയ്ക്ക് മര്‍ദനമേറ്റെന്നും ഉറപ്പായതോടെയാണ് കൊലപാതകമെന്ന് ഉറപ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച ഉടനെ ലിനീഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു.




