തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരില്‍ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്കി.
ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുല്‍ പരാതി നല്‍കിയത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുല്‍ പരാതിയില്‍ ഉന്നയിക്കുന്നു. ഇതിനാല്‍ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി.




