കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് സൂചന നൽകി ബിജെപി. സംസ്ഥാനത്തിന്റെ പേര് ‘പശ്ചിം ബംഗാ’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ അറിയിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമത്തെ ചരിത്രപരമായ സ്വത്വവുമായി ബന്ധിപ്പിക്കുന്നതിനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു. ‘പശ്ചിമ ബംഗ്ലാ’, ‘ബംഗ്ലാ’, ‘ബംഗാ’ തുടങ്ങിയ പേരുകൾ അധികകാലം കേൾക്കേണ്ടിവരില്ലെന്നും ‘പശ്ചിം ബംഗാ’ എന്ന പേര് വരുമെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.
പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള നീക്കം ഇതാദ്യമല്ല. വിവിധ സർക്കാരുകൾ കാലങ്ങളായി ഇതുസംബന്ധിച്ച് ശ്രമങ്ങൾ നടത്തിയെങ്കിലും കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നില്ല.
1999ൽ ഇടതുമുന്നണി സർക്കാർ ‘പശ്ചിമ ബംഗാ’ എന്ന പേര് നിർദേശിച്ചാണ് ആദ്യമായി നീക്കം നടത്തിയത്. പിന്നീട് ‘ബംഗ്ലാ’ എന്ന പേര് പരിഗണിച്ചെങ്കിലും കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല.
2011ൽ തൃണമൂൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയ ശേഷവും ‘പശ്ചിമ ബംഗാ’ എന്ന പേര് നിർദേശിച്ചിരുന്നു. എന്നാൽ അന്നത്തെ യുപിഎ സർക്കാർ നിർദേശം തള്ളി. തുടർന്ന് 2016ൽ ‘ബംഗ്ലാ’ എന്ന പേര് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചു.
2018ൽ സംസ്ഥാനത്തിന്റെ പേര് ‘ബംഗ്ലാ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കി കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയച്ചിരുന്നു. എന്നാൽ കേന്ദ്രത്തിലെ ബിജെപി സർക്കാരും നിർദേശത്തിന് അംഗീകാരം നൽകിയില്ല.
ഇത്തവണ ‘പശ്ചിം ബംഗാ’ എന്ന പേരുമായി ബന്ധപ്പെട്ട ബിൽ നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിന് നിയമസഭാ നടപടികൾക്ക് പുറമെ കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ആവശ്യമാണ്.




