അതിരപ്പിള്ളി: അഷ്ടമിച്ചിറ മാരേക്കാട് എഎം എൽപി സ്കൂളിലെ അധ്യാപിക ലിപ്സിയുടെ (47) മരണത്തിന്റെ ഞെട്ടലിലാണ് നാട്. തിങ്കളാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ ലിപ്സിയുടെ മൃതദേഹം ചൊവ്വാഴ്ച വെറ്റിലപ്പാറ പ്ലാന്റേഷൻ ഒന്നാം ബ്ലോക്ക് പാൽ സംഭരണ കേന്ദ്രത്തിനു സമീപം ചാലക്കുടിപ്പുഴയിലാണ് കണ്ടെത്തിയത്. അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂർ സ്വദേശി ചക്കുങ്ങൽ രാജീവ്കുമാറിന്റെ ഭാര്യയായ ലിപ്സി തിങ്കളാഴ്ച രാവിലെയാണ് വീട്ടിൽനിന്നു പോയത്. ‘പട്ടുപാവാട തയ്ക്കാന്‍ അമ്മ സാരി വാങ്ങിയിട്ടുണ്ട്, എത്താന്‍ അല്‍പം വൈകും’ എന്നു മകളെ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ പിന്നീടു വിളിച്ചിട്ടു ഫോൺ എടുത്തില്ല. വൈകിട്ടും തിരിച്ചെത്താതിരുന്നതോടെ രാജീവ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ മൊബൈൽഫോൺ ലൊക്കേഷൻ അതിരപ്പിള്ളി ഭാഗത്താണെന്നു കണ്ടെത്തി.






