തിരുവന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനും പി സി ജോര്‍ജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രം.
കെ.ടി ജലീല്‍ നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. വ്യാജ ആരോപണങ്ങള്‍ക്കും ഗൂഢാലോചനയ്ക്കും പിന്നില്‍ സ്വപ്നയും, പി.സി ജോര്‍ജും എന്നായിരുന്നു പരാതി. സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗൂഢാലോചന നടന്നുവെന്നും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചുവെന്നടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പൊതുമധ്യത്തില്‍ പ്രതികരണം നടത്തിയെന്നും ചില ശബ്ദരേഖകള്‍ പങ്കുവെച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.ആര്‍.ശിവശങ്കറിനെ പ്രതി ചേര്‍ത്തതോടെ സ്വര്‍ണക്കടത്ത് കേസ് കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേസില്‍ കഴിഞ്ഞദിവസം മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കസ്റ്റംസ് 12 കോടി രൂപ പിഴ ചുമത്തിയിരുന്നു.






