ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി. പ്രഭാത ഭക്ഷണത്തിന്റെ അളവും അതിന്റെ പോഷക മൂല്യവും മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് സ്പാനിഷ് ഗവേഷകര്‍ നടത്തിയൊരു പഠനത്തില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
300-ലധികം ആളുകളില്‍ മൂന്ന് വര്‍ഷം നീണ്ടു നിന്ന പഠനത്തില്‍ പ്രഭാതഭക്ഷണത്തില്‍ ദിവസേനയുള്ള കലോറിയുടെ 20 മുതല്‍ 30 ശതമാനം രാവിലെ കഴിച്ചവരെ അപേക്ഷിച്ച് വളരെ കുറവ് (20 ശതമാനത്തില്‍ താഴെ) അല്ലെങ്കില്‍ വളരെ അധികം(30 ശതമാനത്തില്‍ കൂടുതല്‍) കഴിച്ചവര്‍ക്ക് ആരോഗ്യപരമായ ഫലങ്ങള്‍ മോശമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
അളവു പോലെ തന്നെ പ്രധാനമാണ് ബ്രേക്ക്ഫാസ്റ്റിന്റെ ഗുണനിലവാരവും. വലിപ്പം കണക്കിലെടുക്കാതെ ഗുണനിലവാരമില്ലാത്ത പ്രഭാതഭക്ഷണം കഴിച്ചവരില്‍ കുടവയര്‍, ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുക, വൃക്കകളുടെ തകരാറുകള്‍ പോലുള്ള സമാനമായ നെഗറ്റീവ് ആരോഗ്യ പ്രവണതകള്‍ കണ്ടെത്തിയതായി പഠനം വിലയിരുത്തി.
മികച്ച ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കില്‍ ഐഡിയല്‍ ബ്രേക്ക്ഫാസ്റ്റില്‍ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 20-30 ശതമാനം അടങ്ങിയിരിക്കണമെന്ന് പഠനം പറയുന്നു. ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പഴങ്ങളോ പച്ചക്കറികളോ ഉള്‍പ്പെടുന്ന സമീകൃതാഹാരത്തിലായിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്.






