പാലക്കാട്: ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ കണ്ടെത്താനായില്ലെന്ന് പൊലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പ്രണയത്തിലായിരുന്ന മീരയും അനൂപും ഒരു വർഷം മുൻപാണു വിവാഹിതരായത്. മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം ആരോപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടർന്നു ഹേമാംബിക നഗർ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ രാവിലെ ആറോടെയാണു യുവതിയെ വീട്ടിലെ വർക്ക് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനൂപും അമ്മ പങ്കജവും ചേർന്നു മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു.




