ന്യൂഡൽഹി: നേപ്പാളിൽ ആഭ്യന്തര കലാപത്തെത്തുടർന്ന് രാജിവച്ച കെ.പി.ശർമ്മ ഒലിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ സൈനിക മേധാവികളും ജെൻ-സി പ്രക്ഷോഭകരും തമ്മിൽ പുരോഗമിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച അപ്രതീക്ഷിതമായി ആരംഭിച്ച ആഭ്യന്തര കലാപം കുറഞ്ഞത് 30 പേരുടെ മരണത്തിനും 1000ത്തിലധികം പേർക്ക് പരിക്കേൽക്കാൻ ഇടയായതായും നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രക്ഷോഭകർ രാജ്യത്തെ പാർലമെന്റും സുപ്രീം കോടതിയും ഉൾപ്പെടെ സർക്കാർ, സ്വകാര്യ കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. നിയമസഭാംഗങ്ങളുടെയും മന്ത്രിമാരുടെയും വീടുകളടക്കം കത്തിച്ചു.
പ്രക്ഷോഭകരും, പ്രസിഡന്റ് രാം ചന്ദ്ര പൗഡലും, സൈനിക മേധാവി അശോക് രാജ് സിഗ്ഡലും തമ്മിലുള്ള ചർച്ചകൾ തുടരുമ്പോഴും അടുത്ത പ്രധാനമന്ത്രി ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വ്യത്യസ്ത സ്ഥാനാർത്ഥികളെ പിന്തുണച്ചവർക്കിടയിൽ തർക്കം ഉടലെടുത്തതായും നേപ്പാളിലെ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന് നേതാവില്ലാത്തതിനാൽ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിക്കായി നാല് മുൻനിരക്കാരുടെ പേരുകളാണ് ഉയർന്നുവന്നിട്ടുള്ളത്. കാഠ്മണ്ഡു മേയർ ബാലേൻ ഷാ, മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി, വൈദ്യുതി ബോർഡിന്റെ മുൻ മേധാവി കുൽമാൻ ഗിസിംഗ്, ധരൺ മേയർ ഹർക്ക രാജ് സംപാംഗ് റായ് എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.
മുൻ റാപ്പറായ കാഠ്മണ്ഡു മേയർ ബാലേൻ ഷാ, ജെൻസി പ്രക്ഷോഭകർക്ക് പിന്തുണയുമായി നിലകൊണ്ടയാളാണ്. നേപ്പാളിലെ യുവജനങ്ങൾ അദ്ദേഹത്തെ പുതുതലമുറയുടെ ശബ്ദമെന്ന് വിശേഷിപ്പിക്കുന്നു. സിവിൽ എഞ്ചിനീയറിംഗിലും സ്ട്രക്ചറൽ എഞ്ചിനീയറിംഗിലും ബിരുദം നേടിയ ബാലേൻ ഷാ നേപ്പാളിലെ ഹിപ്-ഹോപ്പ് രംഗത്ത് റാപ്പറായും ഗാനരചയിതാവായും സജീവമാണ്. 2022ൽ കാഠ്മണ്ഡുവിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം വിജയിച്ചത്. സുശീല കാർക്കിയുടെ പേര് സുപ്രീം കോടതി ബാർ അസോസിയേഷന്റെ സെക്രട്ടറിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് പ്രക്ഷോഭകർ നിർദ്ദേശിച്ചത്. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് കാർക്കി സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പൗരത്വ അവകാശങ്ങൾ കൈമാറാൻ പ്രാപ്തമാക്കുന്നത് ഉൾപ്പെടെയുള്ള നിരവധി സുപ്രധാന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.






