തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ് ആർടിസി കൈവരിച്ച നേട്ടങ്ങൾക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്തംബർ എട്ടിന് കെഎസ്ആർടിസി നേടിയത്.കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലൂടെയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിൽ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ – അദ്ദേഹം പോസ്റ്റിൽ കുറിച്ചു.






