കോഴിക്കോട്: വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പൊലീസിന്റെ പിടിയില്‍. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി രഞ്ജിത്താണ് പിടിയിലായിരിക്കുന്നത്. ആന്ധ്രാപ്രദേശില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിജില്‍ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സരോവരത്ത് നടത്തിയ തെരച്ചിലില്‍ വിജിലിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഏഴാം ദിവസത്തെ തെരച്ചിലിലാണ് നിര്‍ണായക കണ്ടെത്തല്‍. തെരച്ചിലില്‍ അസ്ഥിഭാഗങ്ങളാണ് ലഭിച്ചത്. സരോവരത്തെ ചതുപ്പില്‍ നിന്ന് മൃതദേഹം കെട്ടി താഴ്ത്തിയ കല്ലുകളും കിട്ടി. വിജിലിന്റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ പ്രതികളായ നിഖിലിന്റേയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് നിര്‍ണായക കണ്ടെത്തല്‍. ഇപ്പോള്‍ മൂന്നാം പ്രതിയെയും പൊലീസ് പിടികൂടിയിരിക്കുകയാണ്.






