റാഞ്ചി ∙ ജാർഖണ്ഡിലെ ഹസാരിബാഗിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാസേന. തിങ്കളാഴ്ച രാവിലെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റ് നേതാക്കളെ വധിച്ചത്. ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന സഹ്ദിയോ സോറനെയാണ് സേന വധിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് സഹ്ദിയോ സോറൻ. കോബ്ര ബറ്റാലിയൻ പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ വധിക്കപ്പെട്ടത്.
രഹസ്യവിവരത്തെ തുടർന്നായിരുന്നു സുരക്ഷാസേന തിരച്ചിൽ നടത്തിയത്. തതിഝാരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് നേതാക്കളുണ്ടെന്ന വിവരത്തെ തുടർന്ന് സംഘം തിരച്ചിൽ നടത്തിയിരുന്നു. രാവിലെ 6 മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. സഹ്ദിയോ സോറനൊപ്പം മാവോയിസ്റ്റ് നേതാക്കളായ രഘുനാഥ്, ബിർസെൻ ഗഞ്ച് എന്നിവരും ഏറ്റുമുട്ടലിൽ വധിക്കപ്പെട്ടു. ഇരുവരുടെയും തലയ്ക്ക് യഥാക്രമം 25, 10 ലക്ഷം പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സുരക്ഷാസേനയുടെ തിരച്ചിൽ മേഖലയിൽ ഇപ്പോഴും തുടരുകയാണ്.




