പത്തനംതിട്ട: പോക്‌സോ കേസ് അട്ടിമറിയില്‍ ശക്തമായ നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്. തിരുവല്ല ഡിവൈഎസ്പി നന്ദകുമാര്‍, ആറന്മുള സി.ഐ പ്രവീണ്‍ എന്നിവര്‍ക്ക് എതിരെയാണ് നടപടിക്ക് വകുപ്പ് ശുപാര്‍ശ നല്‍കിയത്. പൊലീസിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്ന രീതിയില്‍ കേസ് അട്ടിമറിച്ച് എന്നാണ് കണ്ടെത്തല്‍. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കേസ് ആദ്യം അട്ടിമറിച്ചതില്‍ കോന്നി ഡിവൈഎസ്പി ആയിരുന്ന രാജപ്പന്‍ റാവുത്തറയും സി.ഐ ശ്രീജിത്തിനെയും മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പത്തനംതിട്ടയില്‍ 16 കാരി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പോലീസ് അടിമുടി സഹായമേകിയെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ കിട്ടിയ പരാതിയില്‍ മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പൊലീസ് പ്രതിയെ സഹായിച്ചു. പിന്നീട് പേരിന് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ആറന്മുള പൊലീസിന് കൈമാറി. കേസിന്റെ തുടക്കത്തിലെ വീഴ്ചയില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പനെയും എസ് എച്ച് ഓ ശ്രീജിത്തിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ കോന്നി പൊലീസ് കൈമാറിയ കേസില്‍ ആറന്മുള പോലീസും പ്രതിക്ക് സഹായമേക്കുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചത്. മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. അഭിഭാഷക വൃത്തിക്ക് പോലും കളങ്കമാണ് നൗഷാദ് എന്ന രൂക്ഷ വിമര്‍ശനം നടത്തിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയത്. എന്നാല്‍ പ്രതിക്ക് സുപ്രീംകോടതി വരെ പോയി ജാമ്യം നേടാന്‍ ആറന്മുള പോലീസും ഉന്നത ഉദ്യോഗസ്ഥരും വഴിയൊരുക്കി.






