തിരുവനന്തപുരം: പുഞ്ചക്കരി പേരകം ജംഗ്ഷൻ സമീപം വാടക വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ പുലർച്ചെ തീപിടിച്ച് കത്തിനശിച്ചു. മഹീന്ദ്ര ബൊലേറോയും മാരുതി വാഗണറും പൂർണമായും നശിച്ച സംഭവത്തിൽ വീട്ടുടമയായ ശരണ്യയുടെ ഭർത്താവ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കുടുംബ വഴക്കിനെത്തുടർന്ന് ശരണ്യയും മക്കളും വേറെയായി താമസിക്കുകയായിരുന്നു. ശരണ്യ നൽകിയ പരാതിയിൽ ഭർത്താവായ ശങ്കർ വാഹനങ്ങൾക്ക് തീയിട്ടതാണെന്ന് ആരോപിച്ചു. പുലർച്ചെ വീട്ടിൽ എത്തിയ ഇയാൾ ആദ്യം മകളെ കാണണമെന്ന് പറഞ്ഞുവെങ്കിലും വീട്ടുകാർ വിസമ്മതിച്ചതോടെ പ്രകോപിതനായാണ് തിരിച്ചെത്തി തീകൊളുത്തിയതെന്നാണ് പൊലീസ് നിഗമനം.
വീടിനു മുന്നിലെ വാഹനങ്ങൾക്ക് സമീപം പേപ്പർ ബുക്ക്‌ലെറ്റുകൾ കൂട്ടിയിട്ട് കത്തിച്ചാണ് തീ പടർന്നതെന്ന് കണ്ടെത്തി. തീ വീടിനുള്ളിലേക്കും പടർന്നെങ്കിലും, അഗ്നിരക്ഷാസേന സമയോചിതമായി എത്തി നിയന്ത്രിച്ചതോടെ വലിയ ദുരന്തം ഒഴിവായി. സ്റ്റേഷൻ ഓഫീസർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഏകദേശം ഒരു മണിക്കൂറെടുത്താണ് തീയണച്ചത്.
സംഭവത്തിൽ ഏകദേശം 10 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും സൈക്കിളുകളും കത്തി നശിക്കാതിരിക്കാൻ പൊലീസ്, നാട്ടുകാർ ചേർന്ന് ശ്രമം നടത്തി.
ശങ്കറിന് നേരത്തെയും വാഹനങ്ങൾക്ക് തീ വെച്ച സംഭവങ്ങളിൽ പങ്കുണ്ടായിരുന്നുവെന്ന ആരോപണവും നാട്ടുകാർ ഉന്നയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.






