റിയാദ്: സൗദിയുടെ 95-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും പ്രമോഷണൽ ഓഫറുകളും വിലക്കിഴിവുകളും പ്രഖ്യാപിക്കാൻ വാണിജ്യ മന്ത്രാലയം ലൈസൻസ് അനുവദിച്ചു. ഇതിനകം 4,200-ലധികം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി അധികൃതർ അറിയിച്ചു.
സെപ്റ്റംബർ അവസാനം വരെ നീളുന്ന വിൽപ്പന സീസണിലേക്കാണ് ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെർഫ്യൂമുകൾ, സ്മാർട്ട്‌ഫോണുകൾ, പുരുഷൻമാരുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി 35 ലക്ഷത്തിലധികം ഉൽപ്പന്നങ്ങളാണ് ഡിസ്‌കൗണ്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് ബാർകോഡ് സ്കാൻ ചെയ്ത് ഓഫറുകളുടെ സാധുത പരിശോധിക്കാനും, സ്ഥാപനങ്ങളുടേയും ഓൺലൈൻ സ്റ്റോറുകളുടേയും എക്സ്ചേഞ്ച്, റിട്ടേൺ നയങ്ങൾ മനസ്സിലാക്കാനും, വാങ്ങൽ രസീതുകൾ സൂക്ഷിക്കാനും മന്ത്രാലയം ഉപഭോക്താക്കളോട് നിർദേശിച്ചു.






