തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട വിവാദം ഹൈക്കോടതിയിലെത്തി. പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.
ട്രൈബ്യൂണല്‍ അധികാരപരിധി ലംഘിച്ചാണ് ഇടപെട്ടതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിച്ചു. സ്ഥാനമാറ്റവും നിയമനവും സര്‍വീസ് വിഷയങ്ങളാണ്, അതിനാല്‍ ഒരു പ്രത്യേക തസ്തികയില്‍ തുടരാന്‍ ഉദ്യോഗസ്ഥന് അവകാശമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.
ബി. അശോക് നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണല്‍ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തുകയും, തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയുമാണ്.
കഴിഞ്ഞ കാലത്തും ബി. അശോകിന്റെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് മൂന്നു തവണ ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ബി. അശോകും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് തുടരുകയാണ്.






