പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് സമാപനം.ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ചു. മാറുന്ന കാലത്തിനനുസരിച്ച് ഉയര്‍ന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എന്‍ എസ് എസും എസ് എന്‍ ഡി പിയും ഉള്‍പ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിന്റെ സൂചനയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍
കൈതപ്രത്തിന്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അഭിമാനപൂര്‍വം വേദിയില്‍ വായിക്കുകയായിരുന്നു. ശബരിമല വികസനത്തിലൂന്നി ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി ഭക്തി ഒരു പരിവേഷമായി അണിയുന്നവര്‍ അയ്യപ്പ സംഗമം തടയാന്‍ ശ്രമിച്ചെന്ന വിമര്‍ശനവും ഉയര്‍ത്തി. പിണറായി വിജയന്‍ നല്ല ഭക്തനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിലാണ് വെള്ളാപ്പള്ളി വേദിയിലെത്തിയത്.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ശേഖര്‍ ബാബുവും പളനിവേല്‍ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്ന് പരിപാടിക്കെത്തിയ മന്ത്രിമാര്‍.




