അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം. ഇന്ന് രാത്രി 8 മണിക്ക് ദുബായിലാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റർ നാഷ്ണൽ സ്റ്റേഡിയത്തിൽ നടന്നത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. പാകിസ്താനെ നാണം കെടുത്തുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ പെരുമാറ്റം.
ടോസ് സമയത്ത് മുഖം കൊടുക്കാതെയായിരുന്നു തുടക്കം. പിന്നാലെ കളത്തിൽ വരിഞ്ഞുമുറുക്കി ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. വിജയ റൺ കുറിച്ച സൂര്യയും ശിവം ദുബെയും എമ്പയർമാർക്ക് മാത്രം കൈകൊടുത്ത് ഡഗൌട്ടിലേക്ക് പോവുകയും ഹസ്തദാനത്തിനായി ഗ്രൗണ്ടിൽ കാത്ത് നിന്ന പാക് താരങ്ങൾക്ക് മേൽ ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂം കൊട്ടിയടക്കുകയും ചെയ്തു. കൂടാതെ ക്യാപ്റ്റൻ സൂര്യ വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾ സമർപ്പിക്കുക കൂടി ചെയ്തപ്പോൾ പാക് വധം പൂർണമായി.
പിന്നാലെ മാച്ച് റഫറി ഇന്ത്യയുമായി ഒത്തുകളിച്ചെന്ന പരാതിപ്പെട്ടെങ്കിലും ഐസിസി ചെവി കൊണ്ടില്ല. യുഎഇക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അതിലും യു ടേൺ വേണ്ടി വന്നു. ഒടുവിൽ യുഎഇക്കെതിരെ കഷ്ടിച്ച് ജയിച്ച് സൂപ്പർ ഫോറിലെത്തിയപ്പോൾ ഇന്ത്യയാകാട്ടെ ഒമാനെ കൂടി തോൽപ്പിച്ച് ഗ്രൂപ്പ് ചമ്പ്യാന്മാരായി.






