മധ്യപ്രദേശ്: മധ്യപ്രദേശിലെ ഭർവാനി ജില്ലയിൽ പുലിയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരി മരിച്ചതായി അധികൃതർ അറിയിച്ചു. ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം നടന്നത്.ഗീത എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മയോടൊപ്പം കൃഷിയിടത്തിലേക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. അമ്മയും മറ്റ് കർഷകരും കൃഷിയിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കെ പുലി പെട്ടെന്നെത്തി കുട്ടിയെ കഴുത്തിൽ പിടിച്ചെടുത്തു കാട്ടിലേക്ക് ഓടുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പുലി കുറച്ച് ദൂരം കൊണ്ടുപോയ ശേഷമാണ് കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിന്റെ ഇരുവശത്തും ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു.
വനം വകുപ്പ് നടത്തിയ തുടർ തിരച്ചിലിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആശിഷ് ബൻസോദ് അറിയിച്ചു. പ്രദേശത്ത് പൂർണശ്രദ്ധയോടെ പട്രോളിംഗ് തുടരുന്നതായും വനം വകുപ്പ് അറിയിക്കുന്നു. നിരീക്ഷണത്തിനായി സിസിടിവി കാമറകളും ഹാന്റ്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. അത്യാവശ്യമായ എല്ലാ ജാഗ്രതാ നടപടികളും അധികൃതർ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും അതേ മേഖലയിലെ ഒരു ആടിനെ പുലി ആക്രമിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു.




