ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്‌കാര വിതരണം. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന് രാഷ്ട്രപതി ദൗപതി മുർമു സമ്മാനിക്കും.
പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ സ്വാഭാവിക പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. പൂക്കാലത്തിന്റെ എഡിറ്റർ മിഥുൻ മുരളിക്കാണ് മികച്ച ചിത്രസംയോജനത്തിനുള്ള പുരസ്കാരം. മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരത്തിന് 2018 സിനിമയ്കിലൂടെ മോഹൻദാസും അർഹനായിരുന്നു.
മികച്ച മലയാളം സിനിമ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ്. പരമോന്നത പുരസ്കാരം അടക്കം ആറ് പുരസ്കാരങ്ങളാണ് ഇത്തവണ മലയാളത്തിനുള്ളത്. അവാര്‍ഡ് വിതരണത്തിനു ശേഷം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും.




