കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി കൊച്ചി കുണ്ടന്നൂരില്‍ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഫസ്റ്റ് ഓണര്‍ ലാന്‍ഡ് ക്രൂയിസര്‍ വാഹനം മലയാളിയുടേതെന്ന് സംശയം. അസം സ്വദേശി മാഹിന്‍ അന്‍സാരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് വ്യാജ മേല്‍വിലാസത്തിലെന്ന് കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മാഹിന് കസ്റ്റംസ് സമന്‍സ് നല്‍കി. വ്യാജ മേല്‍വിലാസം നല്‍കി വാഹനം ഇറക്കിയത് മൂവാറ്റുപുഴ സ്വദേശിയെന്നാണ് സംശയം.
രണ്ടാഴ്ച മുമ്പാണ് ലാന്‍ഡ് ക്രൂയിസര്‍ കുണ്ടന്നൂരിലെ വര്‍ക്ക് ഷോപ്പിലേക്ക് എത്തിച്ചത്. ഇവിടെ എത്തിച്ച് നിറം മാറ്റാനായിരുന്നു നീക്കം. ഫസ്റ്റ് ഓണര്‍ വാഹനത്തില്‍ അടിമുടി ദുരൂഹതയെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോയമ്പത്തൂരിലെ റാക്കറ്റുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യങ്ങളിലടക്കം അന്വേഷണം നടത്തും.
ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം കടത്തുന്നതിന് പിന്നില്‍ വന്‍ തട്ടിപ്പുസംഘമെന്ന് കസ്റ്റംസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഭൂട്ടാനില്‍ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. 35 ഇടങ്ങളില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു.പരിശോധന നടത്തിയ സ്ഥലങ്ങളില്‍ വന്‍ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിലകൂടിയ വാഹനങ്ങള്‍ ഭൂട്ടാനില്‍ എത്തിച്ച പിന്നീട് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.
നടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും നീക്കമുണ്ട്. താരങ്ങള്‍ക്കടക്കം വാഹനം എത്തിച്ച് നല്‍കുന്നത് അമിത് ആണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും ഇതിനായി നടനെ വീണ്ടും വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം നടത്തുന്നത്.






