കോഴിക്കോട്: അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസില്‍ രണ്ട് യുവാക്കളെ ബേപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാലിയം ഫോറസ്റ്റ് ബംഗ്ലാവിന് സമീപം താമസിക്കുന്ന വെമ്പറമ്പില്‍ റാസിഖ്, ഷെബീറലി എന്നിവരാണ് പിടിയിലായത്. ഇവരെ ബേപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
സംഭവം നടന്നത് ഇന്നലെ രാവിലെ 10.50ഓടെയാണ്. ചാലിയം ഫിഷ്‌ലാൻഡിംഗ് സെന്ററിന് സമീപം ഒരു അതിഥി തൊഴിലാളിയെ ആക്രമിക്കുന്നതായി കണ്ട ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജേഷ്, കുഞ്ഞബ്ദുള്ള എന്നിവർ ഇടപെട്ടപ്പോഴാണ് പ്രതികൾ പൊലീസിനേയും മര്‍ദ്ദിച്ചത്.തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തി നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് കാടുമൂടിയ പ്രദേശത്ത് നിന്നും ഇരുവരെയും പിടികൂടിയത്. റാസിഖിനെതിരെ ബേപ്പൂര്‍, നല്ലളം സ്റ്റേഷനുകളില്‍ നിലവിലുണ്ട് ക്രിമിനല്‍ കേസുകള്‍ എന്നും പൊലീസ് അറിയിച്ചു. എസ്‌ഐ നൗഷാദ്, എഎസ്‌ഐ ദീപ്തി ലാല്‍, പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, പ്രസൂണ്‍, നിഥിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




