ന്യൂയോർക്ക്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും, സൈനിക മേധാവി ജെനറൽ അസിം മുനീറിനെയും സ്വാഗതം ചെയ്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. “മഹാനായ നേതാക്കളാണ് വരുന്നത്” എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വച്ചായിരുന്നു ഉഭയകക്ഷി ചർച്ചകൾ.
പ്രാദേശിക സമയം വൈകുന്നേരം 5 മണിയോടെ, വെസ്റ്റ് എക്സിക്യൂട്ടീവ് അവന്യൂ വഴി വൈറ്റ് ഹൗസിലെത്തിയ ഷെരീഫിനെയും മുനീറിനെയും അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. പിന്നീട് ട്രംപുമായുള്ള കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നു. ലോക രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയ ഈ സന്ദർശനം, 2019-ൽ ഇമ്രാൻ ഖാനെ തുടർന്ന് പാക് പ്രധാനമന്ത്രി ഓവൽ ഓഫീസിലെത്തുന്നത് ആദ്യമായും എന്ന പ്രത്യേകതയും പുലർത്തുന്നു. പാക്-അമേരിക്കൻ ബന്ധം പുതിയ അധ്യായത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനയായി വാഗ്ദാനങ്ങൾ നിറഞ്ഞ ഈ കൂടിക്കാഴ്ചയായാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. വ്യാപാരം, പ്രാദേശിക സുരക്ഷ, ആഗോള വെല്ലുവിളികൾ, എന്നിവയെ കേന്ദ്രീകരിച്ചാണ് ചർച്ച നടന്നത്.
മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, “മഹാനായ നേതാക്കൾ വരുന്നു, പാകിസ്ഥാൻ പ്രധാനമന്ത്രിയും ഫീൽഡ് മാർഷലും. ഫീൽഡ് മാർഷൽ വളരെ മഹാനായ വ്യക്തിയാണ്, പ്രധാനമന്ത്രിയും അങ്ങനെ തന്നെ” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.യു.എൻ പൊതുസഭയുടെ ഭാഗമായുള്ള സന്ദർശനത്തിന് പിന്നാലെ നടന്ന ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള സംയുക്ത ചര്ച്ചകളിലും, ഷെഹബാസ് ഷെരീഫ് പങ്കെടുത്തിരുന്നു. എട്ട് അറബ്, മുസ്ലിം രാഷ്ട്രത്തലവന്മാരും ട്രംപുമായി ചർച്ചകൾ നടത്തിയതിലും പാകിസ്ഥാൻ സജീവ പങ്കാളിയായിരുന്നു.




