റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി സൗദി അറേബ്യ. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിലേക്കുള്ള പ്രവേശനത്തിന് താൽക്കാലിക വിലക്കും, പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്കും ഏർപ്പെടുത്തി.
കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി അറേബ്യ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാ തരത്തിലുള്ള വിസകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ വഴി എത്തുന്നവരായാലും കഴിഞ്ഞ 21 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർക്ക് പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി നിരീക്ഷണ-പ്രതികരണ സംവിധാനങ്ങൾ ശക്തമാക്കിയതായി സൗദി പൊതുജനാരോഗ്യ അതോറിറ്റി അറിയിച്ചു. അതിർത്തി പ്രവേശന കേന്ദ്രങ്ങളിൽ പരിശോധനാ നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സൗദിയിലെ നിലവിലെ പൊതുജനാരോഗ്യ സാഹചര്യം പൂർണമായും തൃപ്തികരമാണെന്നും എബോള കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ‘വിഖായ’ അറിയിച്ചു. സ്വീകരിച്ചിരിക്കുന്നത് മുൻകരുതൽ നടപടികൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആഗോളവും പ്രാദേശികവുമായ ആരോഗ്യ സാഹചര്യങ്ങൾ 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ശുപാർശകൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.




