തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയിലെ അംഗൻവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്തിയതായി പരാതി. പ്രദേശവാസിയായ രണ്ട് വയസുകാരിക്ക് പൊടി കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു.
കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആശാവർക്കർമാരുടെ സഹായത്തോടെ ഒആർഎസ് നൽകി ചികിത്സ ചെയ്തിരുന്നു. തുടർന്നു പൊടി ഉപയോഗിച്ചെങ്കിലും, പാക്കറ്റ് തീരാനിരിക്കെയാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്.
സംഭവം മാതാപിതാക്കൾ അംഗൻവാടി അധ്യാപികയെ അറിയിക്കുകയും, തുടർന്ന് പൊടി വിതരണം നടത്തുന്ന കമ്പനിയെ വിവരം അറിയിക്കുകയും ചെയ്തു.
ഈ മാസം 10-ന് വാങ്ങിയ പൊടിയാണ് ദിവസങ്ങൾക്ക് ശേഷം പാക്കറ്റ് തുറന്ന് കുഞ്ഞിന് നൽകിയത്. പിന്നീട് ജഡം കണ്ടെത്തിയതോടെ രക്ഷിതാക്കൾ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം പ്രദേശത്ത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.




