തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയർ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയതായി എഫ്ഐആർ. സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസിനെ അസഭ്യം പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു.
ബാരിക്കേഡിന് ഉപയോഗിച്ചിരുന്ന കയർ മുറിച്ചതിലൂടെ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക് മുറിവേറ്റതായും എഫ്ഐആറിൽ പരാമർശമുണ്ട്. മാർച്ചിനിടെ “ഭീഷണി പരാമർശങ്ങൾ” ഉണ്ടായതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, മാർച്ചിൽ ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






