ന്യൂഡൽഹി: ലോകഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുന്നു. സൗദി അറേബ്യൻ ക്ലബ് അൽ നസറിന്റെ താരമായ റൊണാൾഡോ, ഒക്ടോബർ 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിൽ എഫ് സി ഗോവയ്‌ക്കെതിരായ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ഇറങ്ങുന്നത്.
മുമ്പ് റൊണാൾഡോ ഇന്ത്യയിലേക്ക് വരില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താരം തീരുമാനം മാറ്റി വിസയ്ക്കായി അപേക്ഷ നൽകിയതായി സ്ഥിരീകരിച്ചു. എഫ് സി ഗോവയുടെ സിഇഒ രവി പുസ്കറാണ് റൊണാൾഡോ കളിക്കാൻ എത്തുന്നതായി വ്യക്തമാക്കിയത്. താരത്തിന്റെ സാന്നിധ്യം കാരണം മത്സരത്തിന് അധിക സുരക്ഷ ആവശ്യപ്പെട്ടതായി എഫ് സി ഗോവ മാനേജ്മെന്റ് പൊലീസിനെ സമീപിച്ചു.
റൊണാൾഡോ കഴിഞ്ഞ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലും ഉണ്ടായിരുന്നില്ല. എന്നാൽ ഗോവക്കെതിരായ മത്സരത്തിൽ അദ്ദേഹം തന്നെ അൽ നസറിനെ നയിക്കുമെന്നാണ് സൂചന. റൊണാൾഡോയോടൊപ്പം സാദിയോ മാനേ, യാവോ ഫെലിക്സ്, കിംഗ്സ്ലി കോമാൻ എന്നിവർ അടങ്ങിയ ശക്തമായ നിരയും അൽ നസറിനുണ്ട്.
നാലു ടീമുകളടങ്ങിയ ഗ്രൂപ്പിൽ നിലവിൽ എഫ് സി ഗോവ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിലും ഗോൾ നേടാനോ പോയിന്റ് സ്വന്തമാക്കാനോ ടീമിന് കഴിഞ്ഞിട്ടില്ല. മറുവശത്ത്, രണ്ട് മത്സരങ്ങളും ജയിച്ച അൽ നസർ ഒന്നാമതും, അൽ സവാര രണ്ടാം സ്ഥാനത്തും, ഇസ്റ്റിക്ലോൾ മൂന്നാം സ്ഥാനത്തുമാണ്.






