ന്യൂഡൽഹി: കരൂരിൽ നടന്ന തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നേതൃത്വം നൽകിയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി വാദം കേൾക്കാൻ തുടങ്ങി. ജസ്റ്റിസുമാരായ മഹേശ്വരി, അഞ്ജരിയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്.
മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരം ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എന്നാൽ ഈ അന്വേഷണത്തിനെതിരെ ടിവികെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിവികെയുടെ ഹർജി. ഇതുമായി ബന്ധപ്പെട്ട മറ്റു ഹർജികളും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ സമർപ്പിച്ച ഹർജികൾ ഉൾപ്പെടെയാണ് ഇന്ന് പരിഗണിക്കപ്പെടുന്നത്.
തമിഴ്നാട് സർക്കാർ വാദങ്ങൾ അവതരിപ്പിക്കുന്നതിനായി അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, മുകുൽ റോഹ്‌തി, പി. വിൽസൺ, രവീന്ദ്രൻ എന്നിവർ കോടതിയിൽ ഹാജരായിട്ടുണ്ട്. ടിവികെയെ പ്രതിനിധീകരിച്ച് ദാമ ശേഷാദ്രിയും ഗോപാൽ ശങ്കർ നാരായണനും കോടതിയിൽ ഹാജരായിരുന്നു.
ഈ ദുരന്തം മനുഷ്യ നിർമിതമായത് ആണെന്നു വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി, സംഘാടകരും നേതാക്കളും അപകടസമയത്ത് അനുയായികളെ ഉപേക്ഷിച്ചുവെന്നതും, വിജയ്ക്ക് നേതൃത്വം നൽകാനുള്ള യോഗ്യതയില്ലെന്നും കർശന വിമർശനമുയർത്തിയിരുന്നു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും കോടതി ഓർമ്മിപ്പിച്ചിരുന്നു. ഐ.ജി അസ്ര ഗാർഗ് നേതൃത്വം നൽകുന്ന പ്രത്യേക സംഘം കഴിഞ്ഞ ഒക്ടോബർ 5-ന് കരൂരിലെ വേലുച്ചാമിപുരത്തെത്തി തെളിവുകൾ ശേഖരിച്ചു. ദുരന്തത്തിൽ പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും മൊഴികളും സംഘം രേഖപ്പെടുത്തി.






