ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരെ തിളങ്ങിയ ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൽ തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടി. 23 വയസിനുള്ളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് ജയ്‌സ്വാൽ. ഈ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്. 23 വയസ്സിനുള്ളിൽ 11 സെഞ്ചുറികൾ നേടിയ സച്ചിനാണ് ഇന്ത്യക്കാരിൽ ഒന്നാമൻ. ലോകതലത്തിൽ 12 സെഞ്ചുറികളുമായി ഡോൺ ബ്രാഡ്മാൻ ഒന്നാം സ്ഥാനത്താണ്. മുൻ വെസ്റ്റ് ഇൻഡീസ് താരം ഗാരി സോബേഴ്സ് 9 സെഞ്ചുറികൾ മൂന്നാമതും, അലിസ്റ്റർ കുക്ക്, ജാവേദ് മിയാൻദാദ്, ഗ്രെയിം സ്മിത്ത്, കെയിൻ വില്യംസൺ എന്നിവർ 7 സെഞ്ചുറികളുമായി ജയ്‌സ്വാലിനൊപ്പം നിലകൊള്ളുന്നു.
ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നു ഇന്നിംഗ്സ്. ഓപ്പണർമാരായ ജയ്‌സ്വാൽ രാഹുൽ കൂട്ടുകെട്ട് 58 റൺസ് നേടുകയായിരുന്നു. എന്നാൽ 18-ാം ഓവറിൽ രാഹുലിനെ (24) ജോമൽ വറിക്കാന്റെ പന്തിൽ വിക്കറ്റ് കീപ്പർ തെവിൻ ഇംലാച്ച് സ്റ്റംപ് ചെയ്തു പുറത്താക്കി. തുടർന്ന് സായ് സുദർശനുമായി ചേർന്ന് ജയ്‌സ്വാൽ രണ്ടാം വിക്കറ്റിന് 186 റൺസ് നേടി. ജയ്‌സ്വാൽ 117 റൺസും, സുദർശൻ 84 റൺസുമായി ക്രിസിൽ തുടരുന്നു. ഇന്ത്യ ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 1 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി ശക്തമായ നിലയിലാണ്.
ജയ്‌സ്വാലിന്റെ ഇന്നിംഗ്സിൽ 17 ബൗണ്ടറികളുണ്ട്. അദ്ദേഹത്തിന്റെ സെഞ്ചുറി ഇന്ത്യക്ക് മികച്ച ഭദ്രത നൽകുകയും ശക്തമായ നിലയിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു.






