കൊച്ചി: എറണാകുളം ജില്ലയിൽ രണ്ട് പുതിയ ടൂറിസം കേന്ദ്രങ്ങൾ കൂടി തുറന്നു. ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്നാണ് ഈ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചത്.
പെരുമ്പാവൂർ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ കോടമ്പിള്ളി ചിറയും മൂവാറ്റുപുഴയിലെ ആയവന ഗ്രാമപഞ്ചായത്തിൻ്റെ ചെമ്പ്രങ്കോട്ടുചിറയുമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിച്ചിരിക്കുന്നത്.
കോടനാട് ആനവളർത്തൽ കേന്ദ്രം, പാണിയേലി പോർ, പുലിയണിപ്പാറ തുടങ്ങിയ പ്രശസ്ത ടൂറിസം കേന്ദ്രങ്ങൾക്ക് സമീപത്താണ് കോടമ്പിള്ളി ചിറ സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മന്ത്രി ബോട്ട് സഫാരിയിൽ പങ്കെടുത്തു.
മൂവാറ്റുപുഴയിലെ ചെമ്പ്രങ്കോട്ടുചിറ മനോഹരമായ ജലസ്രോതസ്സാണ്. ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായാണ് ഈ പ്രദേശം സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചത്.






