കാലിഫോര്‍ണിയ: വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ബിസിനസ് നയത്തിൽ കാര്യമായ മാറ്റം വരുത്തുന്നു. ചാറ്റ്‍ജിപിടി, പെർപ്ലെക്‌സിറ്റി, ലൂസിയ, പോക്ക് തുടങ്ങിയ സാധാരണ എഐ ചാറ്റ്‌ബോട്ടുകളെ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കാൻ മെറ്റ അനുവദിക്കില്ല. ഈ പുതിയ നിയമം 2026 ജനുവരി 15 മുതൽ പ്രാബല്യത്തിൽ വരും. മെറ്റയുടെ സ്വന്തം എഐ അസിസ്റ്റന്‍റ് മാത്രമേ ഇനി വാട്‌സ്ആപ്പില്‍ പ്രവർത്തിക്കൂ. സംഭാഷണത്തിനോ ചാറ്റിനോ വേണ്ടി മാത്രം സൃഷ്‌ടിച്ച ബോട്ടുകൾ വാട്‌സ്ആപ്പില്‍ നിന്ന് നീക്കം ചെയ്യപ്പെടും.
കമ്പനികളെ ഉപഭോക്താക്കളുമായി ബന്ധപ്പെടാൻ സഹായിക്കുക എന്നതായിരുന്നു വാട്‌സ്ആപ്പ് ബിസിനസ് എപിഐയുടെ ഉദ്ദേശ്യമെന്നും ഒരു എഐ ചാറ്റ് പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുക എന്നതായിരുന്നില്ല എന്നും മെറ്റാ പറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ഡെവലപ്പർമാർ അവരുടെ സ്വന്തം എഐ ചാറ്റ്‌ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ എപിഐ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് മെറ്റയുടെ നയത്തിന് വിരുദ്ധമാണ്. ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും ഇടയിൽ പിന്തുണയും അപ്‌ഡേറ്റുകളും നൽകുക എന്നതാണ് വാട്‌സ്ആപ്പ് ബിസിനസ് എപിഐയുടെ ലക്ഷ്യമെന്നും എഐ ചാറ്റ്‌ബോട്ടുകൾ പ്രവർത്തിപ്പിക്കുക എന്നതല്ല എന്നും കമ്പനി വ്യക്തമാക്കി.






