ബംഗളൂരു: അഞ്ചാം ക്ലാസുകാരനെ സ്‌കൂൾ പ്രിൻസിപ്പൽ പിവിസി പെെപ്പ് കൊണ്ട് മർദിച്ചതായി പരാതി. കർണാടകയിലെ സുങ്കടകട്ടെയിലെ പെെപ്പ് ലെെൻ റോഡിലുള്ള ന്യൂ സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ രാകേഷ് കുമാറിനെതിരെയാണ് പരാതി. ഈ മാസം 14നായിരുന്നു സംഭവം. പ്രിൻസിപ്പലിനെ കൂടാതെ സ്കൂൾ ഉടമ വിജയ് കുമാർ, അദ്ധ്യാപിക ചന്ദ്രിക എന്നിവർക്കെതിരെയും കുട്ടിയുടെ മാതാവ് ദിവ്യ പരാതി നൽകി.
രണ്ട് ദിവസം സ്കൂളിൽ കുട്ടി വന്നിരുന്നില്ല. ഇതിനാണ് മർദനമെന്നാണ് പരാതി. 14-ാം തീയതി വെെകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് കുട്ടിയെ മർദിച്ചതെന്നും അടുത്ത ദിവസം തന്നെ പരാതി നൽകിയെന്നും ദിവ്യ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി മകൻ ഈ സ്കൂളിലാണ് പഠിക്കുന്നതെന്നും ഫീസ് കൃത്യമായി നൽകുന്നുണ്ടെന്നും ദിവ്യ പറയുന്നു.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ മൂന്ന് പേർക്ക് പൊലീസ് നോട്ടീസ് അയച്ചു. സംഭവം സ്കൂളിൽ നടന്നതിനാൽ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. സ്കൂൾ സമയം കഴിഞ്ഞപ്പോൾ തന്റെ മകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. 2000-ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരം കുട്ടികളോടുള്ള ക്രൂരത, അപകടകരമായ ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.




