തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ കേരളം ചേർന്നതിനെ തുടർന്ന് ഇടതുമുന്നണിയിൽ വാക്കുതർക്കം രൂക്ഷമാകുന്നു. പാർട്ടിയുടെ ആവർത്തിച്ച എതിർപ്പുകൾ അവഗണിച്ച് വിദ്യാഭ്യാസവകുപ്പ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ സിപിഐ കടുത്ത അമർഷം പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച നടത്തും.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിഷയം എൽ.ഡി.എഫ്. ചർച്ച ചെയ്യും എന്ന് ഉറപ്പ് നൽകിയിട്ടും വിദ്യാഭ്യാസവകുപ്പ് മുന്നണി ഘടകകക്ഷികളുമായി ആലോചിക്കാതെ ഒപ്പുവെച്ചതിനെ സിപിഐ മുന്നണി മര്യാദകളുടെ ലംഘനമെന്ന് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു നിലപാട് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായും വിഷയത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതിയിൽ ചേർന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനല്ല, അത് ആവർത്തിച്ച് എതിർക്കാനാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാഭ്യാസവകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് എഐഎസ്എഫ് തെരുവിലിറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. “സർക്കാരിന്റെ തീരുമാനം വഞ്ചനാപരമാണ്” എന്നാരോപിച്ച് സംസ്ഥാനവ്യാപക സമരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘടന പ്രഖ്യാപിച്ചു. അതേസമയം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പിഎം ശ്രീ പദ്ധതി ആർ.എസ്.എസ് അനുകൂല നീക്കമാണെന്ന് ആരോപിച്ചു. “അഴിമതിയിൽ മുങ്ങിയ കുടുംബത്തെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നത്. എസ്.എഫ്.ഐയുടെ മൗനം കുറ്റകരമാണ്” എന്നും നവാസ് പറഞ്ഞു.
സിപിഐയുടെ എതിർപ്പുകൾ മൂന്നു തവണ മന്ത്രിസഭാ ചർച്ചകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, കേരളം ഇപ്പോൾ പദ്ധതിയിൽ ചേർന്നതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ്.എസ്.കെ ഫണ്ട് കേന്ദ്രം അനുവദിക്കുമെന്ന് ഉറപ്പ് നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




