ആലപ്പുഴ: അർത്തുങ്കലിൽ കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല തെക്ക് തുമ്പോളിശ്ശേരി സ്വദേശി പോൾ ദേവസ്തിയാണ് മരിച്ചത്. പുലർച്ചെ അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിനിറങ്ങിയതായിരുന്നു പോൾ ദേവസ്തി. മീൻ പിടിക്കുന്നതിനിടെ വള്ളം ശക്തമായ തിരമാലകളിൽ പെട്ടതിനെ തുടർന്ന് തെറിച്ചു കടലിൽ വീഴുകയായിരുന്നു. കരയ്ക്കെത്തിച്ച ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
മധ്യ കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപം കൊണ്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കുകിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. അതേസമയം, ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ഇവയുടെ സംയുക്ത സ്വാധീനഫലമായി കേരളത്തിൽ അതിശക്തമായ മഴക്കും കടൽപ്രക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും. കാറ്റോടും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.




