മലപ്പുറം: കുറ്റിപ്പുറം തവനൂരിൽ വൻ മയക്കുമരുന്നുവേട്ട. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച 100 ഗ്രാമോളം എംഡിഎംഎയുമായി രണ്ട് തവനൂർ സ്വദേശികളെ പൊലീസ് പിടികൂടി. വിപണിയിൽ ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെയും തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധിഖിന്റെയും നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് സംഘവും കുറ്റിപ്പുറം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
തവനൂരും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ആഴ്ചകളായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കാറിലാണ് എംഡിഎംഎ തവനൂരിലെത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും സമീപ പ്രദേശങ്ങളിലും വിൽപ്പന നടത്താനാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളിൽ നിന്ന് പ്രദേശത്തെ ലഹരി വിൽപ്പനക്കാർ, ഇടനിലക്കാർ, ഉപഭോക്താക്കൾ എന്നിവരെക്കുറിച്ചും പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധിഖ് അറിയിച്ചു.
കുറ്റിപ്പുറം, വളാഞ്ചേരി പൊലീസ് സംഘങ്ങളും തിരൂർ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.


