വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ച ‘അതിമനോഹരമായിരുന്നു’വെന്നും, അതിന് പത്തില്‍ പന്ത്രണ്ട് മാര്‍ക്ക് നല്‍കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
അടിസ്ഥാന വിഷയങ്ങളില്‍ ആഴത്തില്‍ സ്പര്‍ശിക്കാത്ത ചര്‍ച്ചകളായിരുന്നെങ്കിലും, ഇരു രാജ്യങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന താത്കാലിക വ്യാപാര വെടിനിര്‍ത്തലിന് ധാരണയായി.
ഷീ ജിന്‍ പിങ്ങിനെ ‘ഒരു മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും ധാരാളം കാര്യങ്ങളില്‍ ധാരണയിലെത്തിയതായും കൂടുതല്‍ വിഷയങ്ങളില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരിഫുകളില്‍ 10 ശതമാനം കുറവ് വരുത്തല്‍, സോയാബീന്‍ വാങ്ങുന്നത് പുനരാരംഭിക്കല്‍, അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതി സംബന്ധിച്ച തര്‍ക്കവിഷയളില്‍ ധാരണയിലെത്തല്‍ എന്നിവ ഉള്‍പ്പെടെ സാമ്പത്തിക, വ്യാപാര രംഗങ്ങളില്‍ വിപുലമായ ധാരണകളിലാണ് ഷീ ജിന്‍ പിങ്ങുമായി ചര്‍ച്ച നടത്തിയതെന്ന് ട്രംപ് വ്യക്തമാക്കി.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനേതാക്കളും മുഖാമുഖം കണ്ടുമുട്ടിയത്. ദക്ഷിണ കൊറിയയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച വലിയ ബഹുമതിയായി കാണുന്നുവെന്നും, ചൈനീസ് പ്രസിഡന്റുമായി ദീര്‍ഘകാലത്തേക്ക് അതിശയകരമായ ഒരു ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം, പ്രധാന രാജ്യങ്ങള്‍ എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം സംയുക്തമായി ഏറ്റെടുക്കാനും ഇരു രാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയുമെന്ന് ഷീ ജിന്‍ പിങ് ട്രംപിനോട് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും എല്ലായ്‌പ്പോഴും ഒരേ അഭിപ്രായമായിരിക്കില്ല ഉണ്ടാകുന്നതെങ്കിലും പങ്കാളികളും സുഹൃത്തുക്കളും ആകാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.




