ദോഹ : ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേലി സൈനികനെ ആക്രമിച്ച് കൊലപ്പെടുത്തിയ ഹമാസി?ന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഖത്തര്‍. യുഎസ് മധ്യസ്ഥതയില്‍ ഖത്തര്‍ മുന്‍കൈയെടുത്താണ് സമാധാന കരാര്‍ ഒപ്പുവെച്ചിരുന്നത്.
സംഭവിച്ചത് കരാര്‍ ലംഘനമാണ് എന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി പറഞ്ഞു. ഒരു സൈനികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രയേല്‍ പ്രതികരിക്കുമെന്ന് മധ്യസ്ഥര്‍ക്ക് അറിയാമായിരുന്നു.
ആക്രമണം പലസ്തീന്‍ പക്ഷത്തുനിന്നുള്ള ലംഘനമാണെങ്കിലും, ആക്രമണകാരികളുമായി ബന്ധമില്ലെന്ന് ഹമാസ് പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, കരാര്‍ തകരാതിരിക്കാനാണ് ഖത്തര്‍ പ്രാധാന്യം നല്‍കുന്നത്.
ഈ സംഭവത്തിന് മുന്നോടിയായി, കഴിഞ്ഞ ചൊവ്വാഴ്ച റഫയ്ക്ക് സമീപം ഹമാസ് നടത്തിയ വെടിവെപ്പില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം 104 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയെ നിരായുധീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എല്ലാ പലസ്തീന്‍ വിഭാഗങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് മധ്യസ്ഥരെന്നും അല്‍ താനി കൂട്ടിച്ചേര്‍ത്തു. നിരായുധീകരണം സങ്കീര്‍ണ്ണമാണെങ്കിലും അത് കരാറിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.




