തിരുവനന്തപുരം: അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമെന്ന അവകാശവാദം കള്ളക്കണക്ക് കൊണ്ടുള്ള കൊട്ടാരം പണിയലും തട്ടിപ്പുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീസൻ. എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന 4.5 ലക്ഷം പരമ ദരിദ്രരുടെ എണ്ണം 64000 ആയത് എന്ത് ചെപ്പടിവിദ്യയിലൂടെ? സര്‍ക്കാര്‍ ഒഴിവാക്കിയ ഒരു ലക്ഷത്തില്‍ അധികം ആദിവാസി കുടുംബങ്ങളെല്ലാം സുരക്ഷിതരാണോ? അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്നു പ്രഖ്യാപിച്ചാല്‍ 6 ലക്ഷത്തോളം എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സഹായം ഇല്ലാതാകില്ലേയെന്നും അദ്ദേഹം ചോദിച്ചു. തോൽക്കുമെന്നത് വ്യക്തമായപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് പി ആര് സംവിധാനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഈ തട്ടിപ്പ് പ്രഖ്യാപനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം ദരിദ്രരില്‍ അതിദരിദ്രരായ 5,91,194 പേര്‍ക്ക് എ.എ.വൈ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര് അനില്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. ഇവരെല്ലാം അതിദാരിദ്രത്തില്‍ നിന്നും മാറിയോ? അങ്ങനെ മാറിയിട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന റേഷന്‍ വിഹിതം നിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാരിന് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 64000 പേരുടെ പട്ടിക എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഒന്നര ലക്ഷം അഗതികളാണ് ആശ്രയ പദ്ധതിയില്‍ ഉണ്ടായിരുന്നത്. അവരില്‍ പലരും സര്‍ക്കാരിന്റെ ഇപ്പോഴത്തെ പട്ടികയിലില്ല. ആ പട്ടികയും വെട്ടിച്ചുരുക്കി ഇത്തരമൊരു പട്ടിക തയാറാക്കിയതില്‍ ആസൂത്രണ ബോര്‍ഡിനും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിനും എന്തെങ്കിലും പങ്കുണ്ടോ? അവരുമായി കൂടിയാലോചിച്ചാണോ പട്ടിക തയാറാക്കിയത്? എന്തായിരുന്നു മെത്തഡോളജിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


